സുദൃഢമായ മാതൃ -പിതൃ -പുത്ര - പുത്രി ബന്ധമാണ് ഭാരതീയ പൈതൃകത്തിന്റെ പ്രത്യേകത. അതായത് അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ് കുടുംബ ബന്ധങ്ങളുടെ ആധാരശില. വേദഗ്രന്ഥമായ കല്പശാസ്ത്രത്തിലെ 4 പ്രധാനഭാഗങ്ങളിൽ ഒന്നായ പിതൃമേധസൂത്രത്തിലാണ് നാം അനുഷ്ഠിക്കുന്ന പിതൃ കർമ്മങ്ങളെല്ലാം വിശദീകരിക്കുന്നത്. ദേശവും, കാലവും കർമ്മവും ആധാരമാക്കി ആർക്കും അനുഷ്ഠിക്കുന്ന വിധത്തിലുള്ളതാണ് പിതൃ കർമ്മത്തിൽ ഉള്ള ആചാരങ്ങൾ. ഭാരതത്തിൽ മിക്ക ആചാരങ്ങളും ജ്യോതി ശാസ്ത്രവുമായി ബന്ധപെട്ടുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണവും പ്രദക്ഷിണവുമാണ് സമയമായി പരിഗണിക്കുന്നത്. കറുത്തവാവ് ദിവസമാണ് പിതൃക്കൾക്ക് ബലി അനുഷ്ഠിക്കുന്നതിന് ഉത്തമം. ഈ ദിവസം ചന്ദ്രമണ്ഡലത്തിൽ നിന്നും പിതൃക്കൾ അവരവരുടെ കുടുംബങ്ങളെ വീക്ഷിക്കുന്നു എന്നാണ് വിശ്വാസം..
കർക്കിടകമാസത്തിൽ വരുന്ന കറുത്തവാവാണ് പിതൃക്കൾക്ക് ഏറ്റവും പ്രാധാന്യം. ആ ദിവസം ചന്ദ്രൻ സ്വന്തം ക്ഷേത്രമായ കർക്കിടക രാശിയിലും, സൂര്യൻ അതേരാശിയിലും സ്ഥിതിചെയ്യുന്നു എന്നുള്ളതാണ് ഈ കറുത്തവാവിനു പ്രാധാന്യം നൽകുന്നത്. അതായത്, സൂര്യചന്ദ്രന്മാർ ഒരേ രാശിയിൽ സ്ഥിതി ചെയ്യുന്നു.
നമ്മുടെ ശരീരത്തിന്റെ യഥാർത്ഥ ഉടമകൾ നമ്മുക്ക് ജന്മം നൽകിയ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും പിറകോട്ടുള്ള തലമുറകളുമാണ്. അവരെ ഓർമ്മിക്കുന്നതാണ് ഒരു ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകർമ്മം. മനുഷ്യരൂപത്തിലുള്ള ജന്മം നൽകിയതിന് അവരോട് നന്ദിയുണ്ടായിരിക്കണം.
നാം ബലി അർപ്പിക്കുന്നത് പിതൃക്കൾ സ്വീകരിച്ചു നമ്മെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നതാണ് പ്രാധാന്യം.
കർക്കിടമാസം മുതൽ 6 മാസം, അതായത് ധനുമാസം വരെ ദക്ഷിണായനകാലവും, മകര മാസം മുതൽ മിഥുന മാസം വരെയുള്ള 6 മാസം ഉത്തരായനകാലവുമാണ്. ദക്ഷിണായന കാലത്തെ ആദ്യമാസമായ കർക്കിടകത്തിലെ അമാവാസിയാണ് പിതൃക്കൾക്ക് ഏറ്റവും പ്രധാന ദിവസം. അതാണ് കർക്കിടകവാവ്.
എല്ലാ അമാവാസിയും വാവുബലിക്ക് ഉചിതമാണ്. എന്നാൽ ഉത്തരായനത്തിലെ മകരവും ദക്ഷിണായനത്തിലെ കർക്കിടകമാസവുമാണ് ഏറ്റവും പ്രധാനം. കേരളത്തിൽ കർക്കിടകത്തിലെ കറുത്ത വാവിനാണ് ഏറ്റവും പ്രധാനം.